Friday, June 17, 2022

Kudamattam: A Community Intervention Initiative
















ചില കാഴ്ചകൾ നമ്മൾ കാണേണ്ടതാണ്.ചില വാക്കുകൾ നമ്മൾ കേൾക്കേണ്ടതും. മനുഷ്യന്റെ ഞാൻ എന്ന അഹന്തക്ക് കനത്ത ഒരു പ്രഹരമേൽപ്പിക്കാൻ, അങ്ങനെ  കുറച്ചെങ്കിലും ഒക്കെ നല്ല മനുഷ്യരാക്കാൻ ഇത്തരം ചില സന്ദർഭങ്ങൾ ഒരു പക്ഷേ സഹായിച്ചേക്കും. അത്തരം ഒരു സന്ദർഭമായിരുന്നു മാസ്കുലർ ഡിസ്ട്രോഫി എന്ന അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയായമൈൻഡ് എന്ന സംഘടനയിലെ പ്രജിത് എന്ന വ്യക്തിയുടെ സംഭാഷണം കേൾക്കാനിടയായത്. അദ്ദേഹം പാതി തമാശയായി പറഞ്ഞതിങ്ങനെ : " ഞാൻ ആരുടെ മുൻപിലും 'തലകുനിക്കാറില്ല'".  കഴുത്ത് താഴ്ത്താനുള്ള കഴിവ് ഈ രോഗം മൂലം നഷ്ട്ടപ്പെട്ട വ്യക്തി എങ്ങനെ തല കുനിക്കാനാണ്? പക്ഷേ പരിമിതികളെക്കുറിച്ചല്ല അദ്ദേഹം സംസാരിച്ചത്. മറിച്ച് സാധ്യതകളെക്കുറിച്ചാണ്.ഈ സംഘടനയുടെ പ്രസിഡന്റായ യൂത്ത് ഐക്കൺ അവാർഡ് നേടിയ കൃഷ്ണകുമാറിന്റെ സന്ദേശം, ഈ രോഗവസ്ഥയിലുള്ള ആളുകളുടെ നൃത്ത ശ്രമങ്ങളുടെ വീഡിയോ എല്ലാം അവനവനെകുറിച്ചും, ചുറ്റുമുള്ള ലോകത്തേക്കുറിച്ചും വേറിട്ട ഒരു കാഴ്ചപ്പാടുണ്ടാക്കാൻ  സഹായിക്കുന്നതായിരുന്നു എന്നാണ് പങ്കെടുത്ത കുട്ടികളും,  അധ്യാപകരും പറഞ്ഞത്. ഞാൻ ഇത്‌ കേൾക്കുന്ന സമയം മുഴുവൻ ആലോചിച്ചത് മനുഷ്യന്റെ അലംഭാവത്തേക്കുറിച്ചായിരുന്നു. തന്നോടും, മറ്റുള്ളവരോടും ഒട്ടും ആത്മാർത്ഥതയില്ലാതെ പരിമിതികളെക്കുറിച്ചു മാത്രം വിലപിച്ചുകൊണ്ടിരിക്കുന്ന ലോകത്തേക്ക് എത്തിച്ചേർന്ന ശബ്ദവും പ്രകാശവും ആയി ആ കാഴ്ചകൾ എനിക്ക് അനുഭവപ്പെട്ടു. എങ്ങനെ തന്നെയും, സമാന അവസ്ഥയിലൂടെ കടന്നു പോകുന്നവരെയും ഉയർത്തികൊണ്ടുവരാം, ഏതെല്ലാം വഴികളിലൂടെ ചുറ്റുമുള്ള ലോകം മനോഹരമാക്കാം, ഏതുതരത്തിൽ സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാം ഇതൊക്കെയാണ് ഇന്നലെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഉള്ളടക്കം. കുടമാറ്റം എന്ന് പേരിട്ട ഈ പരിപാടിയിലൂടെ വരുന്ന ഒരു വർഷത്തേക്ക് മാസ്ക്കുലർ ഡിസ്ട്രോഫി ബാധിച്ച ആളുകൾ നിർമിക്കുന്ന കുടകൾ യൂണിറ്റി വനിതാ കോളേജ് വാങ്ങി, വനിത സെല്ലും , ഹോംസയൻസ് വിഭാഗവും സഹകരിച്ചു , കുടകൾക്ക് പുതിയ ഡിസൈൻ നൽകി ആവശ്യക്കാർക്ക് കൈമാറുന്ന ഈ പരിപാടി ആരംഭിച്ചത് വിനീത ടീച്ചർ വുമൺ സെൽ കോർഡിനേറ്റർ ആയപ്പോഴാണ്. ഈ വർഷം എനിക്ക് ഈ കോർഡിനേറ്റർഷിപ് കൈമാറിയപ്പോഴും മിസ്സ്‌ വുമൺ സെല്ലിനെ ഉപേക്ഷിച്ചില്ല. പകരം കഴിഞ്ഞവർഷത്തിന്റെ ഒരു സ്വാഭാവികതുടർച്ചയായി അതങ്ങനെ മുന്നോട്ടു പോകുന്നു.

ഹോം സയൻസ് അധ്യാപികയായ സുഹറ ടീച്ചറും, വിദ്യാർത്ഥിനിയായ ജിനുവും ആണ് കുടകൾ മനോഹരമാക്കാൻ നേതൃത്വം നൽകിയവർ. മൈൻഡ് പ്രതിനിധി പ്രജിത്തിനെ കൂടാതെ കോളേജിന്റെ ജനറൽ സെക്രട്ടറി  അഡ്വക്കേറ്റ് യു എ ലത്തീഫ്, എം എൽ എ, കോളേജ് മാനേജർ ഒ അബ്ദുൽ അലി, പ്രിൻസിപ്പൽ എ എസ് അനിത ബീഗം, ഹോം സയൻസ് വിഭാഗം മേധാവി ഡോ. ആനി നൈനാൻ, സ്റ്റാഫ് സെക്രട്ടറി ജസീന, വിദ്യാർത്ഥിനി പ്രതിനിധികളായ ജിനു, അനീസ മിന്നത്ത് ബീവി എന്നിവർ സംസാരിച്ചു. എം. കെ വിനീത സ്വാഗതവും, അശ്വതി എം. പി നന്ദിയും പറഞ്ഞു. അനികേത് രഞ്ജിത്ത് ആദ്യ വില്പന ഏറ്റുവാങ്ങി.

Aswathi M P

1 comment:

  1. Brilliant thoughts dear Aswathi.... No words can convey the learning we had through this experience.....let's together take it a long way..... bringing smiles to faces....which costs us nothing but a mind to see others.....

    ReplyDelete

Campus Radio :Voice of Unity